Wednesday, November 30, 2011

വിഷ്ണു മാഷിന്റെ ചിരിച്ചതുപ്പ് തുടരുന്നു..


ചിരി വെളിച്ചം പോലെയുമാണ്
കുറേ പൂക്കള്‍ ഉറക്കമുണര്‍ന്ന് മൂരി നിവര്‍ക്കും.
കിണറിനെ പോലെ
ആഴത്തിനുള്ളില്‍ ഒരായുസ്സിന്റെ ദാഹം കാട്ടിത്തരും.
മച്ചിനെ പോലെ
മൊട്ടത്തലകള്‍ക്കു മുകളില്‍ വെയിലിലകള്‍ വീഴാതെ വിടര്‍ന്നു നില്‍ക്കും
ഉടുപ്പിനെ പോലെ
ഉടലില്‍ പതിഞ്ഞ് ഉയിരിന്റെ പങ്കു ചോദിക്കും
കണ്ണാടിയെപ്പോലെ
ഇടം വലം തിരിച്ചെന്നെത്തന്നെ കാട്ടിത്തരും
വഴിയെപ്പോലെ
വ്യാമോഹങ്ങളുടെ ചെറുതും വലുതുമായ കാലൊച്ചകള്‍ നിറയ്ക്കും

പിന്നെ..

ചിരിയെപ്പോലെ.. ഒറ്റക്കൊളുത്തില്‍ തുറക്കാവുന്ന നൂറ്റൊന്നു കോട്ടവാതില്‍ പോലെ.

നിയമപ്രകാരമുള്ള ഡിസ്ക്ലൈമര്‍ : ചിരിയുണ്ട്.. സൂക്ഷിക്കുക

മിണ്ടാണ്ടിരിക്കുമ്പോള്‍..എങ്ങനെ ഇല്ലാണ്ടാവുന്നു?

അനിയൻസിന്റെ നിശബ്ദതയുടെ മൂന്നു കവിതകൾ ക്ക്


മിണ്ടാണ്ടിരിക്കുമ്പോള്‍..എങ്ങനെ ഇല്ലാണ്ടാവുന്നു?

വല്ലാണ്ടിരിക്കുന്ന കല്ലു പോലെ,
ചൊല്ലൊട്ടുമില്ലാതെ, ചൂടും തണുപ്പുമേറ്റി,
മണ്ണില്‍ പുതഞ്ഞ മുരടന്‍ മുനയെത്തന്നെ മുഖമാക്കി,
മുഖമൊഴിച്ചെല്ലാം മഴയത്തും വഴിയത്തും മെഴുകി
ആരുമറിയാതെ വളരുന്നൊരു പ്രാണിപ്പുര..
വാക്കായില്ലെങ്കിലും തോറ്റു പോകാത്തൊരലര്‍ച്ച..
അതൊരു വളര്‍ച്ചയുടെ മുരള്‍ച്ചയല്ലേ..?

അല്ലാ.. മിണ്ടുമ്പോഴും ഞാന്‍ കല്ലല്ലേ..!

പ്രണയം

ശിവപ്രസാദ് മാഷിന്റെ നീലക്കൊടുവേലിയുടെ വിത്തിനൊപ്പം വിതച്ചത്

നിറഞ്ഞതിലേറെ
നിറയാതെ പായുന്ന
നിലവിളി പോലത്തെ
പുഴയാണു പ്രണയം

ഒഴുകി നീങ്ങുമ്പോള്‍
ഒഴിഞ്ഞു പോവാത്ത,
കഴിഞ്ഞതല്ലാത്ത,
നിതാന്ത വേഗത !

കവി മനസ്സ്

വിഷ്ണു മാഷിന്റെ കവിമനസ്സ് എന്ന പൂഴിക്കടകനിടത്തു മാറി വലം തിരിഞ്ഞൊരോട്ടം


കവി മനസ്സ്

ഓരിയിടുന്നൊരിരുട്ടില്‍
വെളിച്ചം നോക്കി കണ്ണു കുഴിക്കുന്ന
വെളുത്ത സ്വപ്നം.
പുലരിക്കു പിന്പേ വെളിച്ചം കുഴിച്ചിടുന്ന
കറുത്തൊരുറക്കം.
വിശപ്പിനൊപ്പം വിലാപമായെത്തുന്ന
വടിവൊത്ത മടി.
കഴിച്ചു നിറയുമ്പോള്‍ മറന്നു പോകുന്ന
രുചിയുള്ള ചമ്മന്തി.
പകുതി മാഞ്ഞ പ്രാന്തന്‍ തുമ്മലിനെ
പ്രണയിക്കുന്ന മൂക്ക്.
മറു ചെവിയില്‍ നിന്നും രഹസ്യം മോഷ്ടിക്കുന്ന
പെരുങ്കള്ളന്‍ കാത്.
പേന പേപ്പര്‍ പേനാക്കത്തി പേന്‍ കൊല്ലുന്ന ചീപ്പ്
പേറു പേടിച്ചു പാത്തിരിക്കുന്ന തടിച്ച കവിത.

മറുപാതി

ലാപുടയുടെ കാഴ്ചപ്പാതി എന്ന കവിതയ്ക്കു താഴെ കുറിച്ചത്

ഒട്ടും കാണാത്ത മുഖത്തില്‍
ഒട്ടിപ്പിടിച്ചിട്ടാണ്
ചുറ്റും കാണുന്നത്
എന്റെ കണ്ണുകള്‍ !

എനിക്കപരിചിതമായ
ഏതോ ശബ്ദത്തില്‍
പരിചിതരെല്ലാം കേള്‍ക്കുന്ന
വാക്കുകള്‍ക്കൊപ്പം
ഓരോ ഗോഷ്ഠികള്‍ കാട്ടുന്നുണ്ടാവും
ആ അഗോചര സങ്കല്പം

വലമിടം തിരിക്കുന്ന
കാഴ്ചക്കണ്ണിലൊഴിച്ച്
വിവശമായി ഞാനതു തിരയുമ്പോള്‍
ഞാന്‍ കാണാത്ത ഞാന്‍ തന്നെയോ
നീ കാണുന്നതെന്ന
വികൃതമായൊരു സമസ്യ
ഒരിക്കലുമുത്തരപ്പെടാതെ
പിണങ്ങി നില്‍ക്കുന്നു

പാതി നീ കണ്ടൊരെന്നില്‍
പെട്ടു പോവുന്നുണ്ട്
പാതി ഞാന്‍ കാണാത്തൊരെന്റെ
കാഴ്ചകളൊക്കെയും

നിർവചനം

വിഷ്ണു മാഷിന്റെ വിസ്താരം എന്ന കവിത

മറു കൂക്കിവിടെ


ഒരു ചുരുളലിന്റെയൊതുക്കത്തില്‍
താനൊരു പമ്പരമാക്കപ്പെടുന്നുവെന്ന്
ഒരട്ടയുമോര്‍ക്കില്ല,
ജീവിതത്തെ
ഒരു വികൃതി ചെക്കന്‍
ഒരു പച്ചീര്‍ക്കിലി കൊണ്ടു നിര്‍വചിക്കും വരെ!

നിമിത്തം

മനോജ് കുറൂറിന്റെ കരുത്ത് എന്ന കവിതയ്ക്ക് വിതച്ചത്


അനങ്ങാതെയകലാനും,
ഇളകാതെ വളരാനും,
അറിയാതെ നിറയാനും,
ഇരയാകാതുരുകാനും,
കരുത്തിന്റെ പെരും പൂച്ചില്‍ -
കരയാതെയമരാനും,
കരുതുന്ന നിമിത്തമേ
ഇരയും നീ തിരയും നീ

ഉറക്കം

മയിൽപ്പീലി നേരത്തേയെഴുന്നേൽക്കാത്ത കശ്മലന്മാർക്കെതിരെ ഉറക്കമെന്ന പോസ്റ്റിൽ ഉറക്കെയുറക്കെ പറഞ്ഞപ്പോൾ ഉറക്കച്ചടവോടെ പറഞ്ഞ മറുപടിയാണ് താഴെ


അല്ലേ..
എന്റെ പുലര്‍ച്ചയിന്നു നിന്റെയുച്ചയായതെന്റെ കുറ്റമോ..?
കാലേ നിന്നെയുണര്‍ത്തിയ പണ്ടാറപ്പാലുകാരന്‍ സൂര്യന്‍
എന്റടുത്തിപ്പോഴാണെത്തുന്നതെന്നേ..
പക്ഷപാതി കരിങ്കാലി.. പല പാത്രത്തില്‍ പലയളവൊഴിക്കുന്ന
കൊടും സമയ സ്മഗ്ലര്‍..
ആകെത്തരുന്നതൊരു പകല്‍ വെട്ടം..!
തണുപ്പത്തു കറവ വറ്റുമെന്നു പുലമ്പി തരുന്നതില്‍ പകുതി വെട്ടും..
നോട്ടം തെറ്റിയാല്‍ കറുകറുത്ത മേഘമിട്ടു കൊഴുപ്പു കൂട്ടും..
നേരായുമുണരാത്തതെന്റെ കുറ്റമല്ല.. നാരും നീരുമിട്ടവന്‍ പാടേയുറക്കിക്കിടത്തുന്നതാ....

പിന്നെ നാട്ടിലാണേല്‍,
അവിടേം നേരം വയ്കിയുറങ്ങാൻ കൊതിച്ചിട്ടല്ല..
പാവം പൂവനു മുന്‍പുണര്‍ന്നാല്‍ പൊട്ടന്‍ പിണങ്ങും!
അല്ലേ..കാലം നട്ടപ്പോള്‍ പൂവനിങ്ങും ഞാനങ്ങുമായതെന്റെ കുറ്റമോ..?

സെമിത്തേരി

ഇടങ്ങളിൽ അബ്ദു മരിച്ചവരുടെ ഓർമ്മപുസ്തകം തുറന്നു വച്ചു


അവിടെ കുഴിച്ചിട്ടത് ഇതാ മാന്തി പുറത്തെടുക്കുന്നു


ജീവിതം ഒരു സെമിത്തേരിയാണ്..
തമ്മില്‍ തല്ലുന്ന, ചിരിക്കുന്ന, മിണ്ടാതെ മാറുന്ന, നുണ പറയുന്ന, നഖം കടിക്കുന്ന, നാറുന്ന,
ഒറ്റലക്ഷം നമ്മളെ കുഴിച്ചിട്ടിരിക്കുന്ന ഒരിടം.
മരണം ഒരൊറ്റ കല്ലറ..
ചിരിക്കുന്ന ഞാന്‍ മാത്രമുറങ്ങുന്ന വീട്.

ഇല്ല സാര്‍ !!


അനിയൻസ് ഇങ്ങനെ... പറഞ്ഞു

പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

ഇല്ല സാര്‍
ക്ലാസ്‌ മുറിയിലായാലും
കൌമാരത്തിലായാലും
തോക്കിന്‍ കുഴലുകള്‍
പ്രണയത്തെക്കുറിച്ച്‌
സംസാരിക്കില്ല.
കോഴിമുട്ടകള്‍
വിപ്ലവത്തെക്കുറിച്ച്‌
സ്വപ്നം കാണുകയുമില്ല
രണ്ട്‌ കണ്ണുകള്‍ക്ക്‌ കുടിച്ചുതീര്‍ക്കാവുന്ന വെളിച്ചവും
തുപ്പിയൊഴിക്കാവുന്ന തീയും
അത്രയൊക്കെയേയുള്ളൂ
സ്വപ്നങ്ങള്‍,
കോഴിമുട്ടക്കായാലും
തോക്കിന്‍ കുഴലിനായാലും
അതുകൊണ്ട്‌ സര്‍
താങ്കള്‍ കോഴിമുട്ടയെ
സ്വപ്നങ്ങളില്‍ നിന്നും
തോക്കിന്‍ കുഴലിനെ
വാക്കുകളില്‍ നിന്നും അകറ്റി നിര്‍ത്തുക,
വിപ്ലവം വരുന്നതുവരെയെങ്കിലും. (courtesy : അനിയൻസ്
)

പൊന്നപ്പൻ ഇങ്ങനെ മറുപടി പറഞ്ഞു

ഇല്ല സാര്‍,
മുട്ടകളില്‍ ഉയിര്‍ക്കപ്പെടുന്ന വിപ്ലവങ്ങളുണ്ട്.
തോക്കിന്‍ കുഴലുകള്‍ നെറ്റിയില്‍ മുട്ടിച്ചു മാത്രം വായിച്ചു തീര്‍ക്കാവുന്ന പ്രണയങ്ങളുമുണ്ട്..
ഒടുവിലത്തെ നിശ്വാസത്തിനു പകരം ഉയിരിലേക്കൊരു വെടിയൊച്ച..!
വിപ്ലവത്തെ വിശുദ്ധകുര്‍ബാനയിലെ വീഞ്ഞായി മൊത്തുന്നവന്, എങ്ങിനെ തേങ്ങലൊളിച്ചിരിക്കുന്ന മുട്ടകളേയും തേങ്ങയിട്ടു പൊലിപ്പിക്കുന്ന മുട്ടറോസ്റ്റിനേയും തള്ളിപ്പറയാനാവും.
ഒടുവിലത്തെ വിപ്ലവം കൂടിയിട്ട്, ഒരുമിച്ചു കൂടി രുചിച്ചിറക്കേണ്ടതല്ലേ അവയെല്ലാം.
ഒരു കാന്തത്തിന്റെ ഇരു ധ്രുവങ്ങള്‍ പോലെ ഹൃദയത്തിന്റെ തോക്കിന്‍ കുഴലുകളില്‍, പ്രണയത്തിന്റെ തിരകള്‍ നിറച്ച്, കോഴിമുട്ടകള്‍ സ്വപ്നം കണ്ട്, ഇരുട്ടിലേക്കു പുലരി തേടി നടന്നു പോകുന്നതാണ് എനിക്കു വിപ്ലവം.
അതെ സാര്‍..
വിപ്ലവം വരാനുള്ളവനല്ല.. വഴി കാട്ടാന്‍ കൂടെ നടക്കുന്ന ഞൊണ്ടിക്കാലനാണ്.