Sunday, January 1, 2012

പിസ്ക്..

ഹരിശങ്കർ കർത്താ ബൂലോക കവിത വാർഷിക പതിപ്പിൽ പിസ്കോണിയ മസ്കു ഒഴിച്ചു വച്ചു. ഞാനത് കുടിച്ചു തീർത്തിട്ട് സ്നേഹം മൂത്ത് ഇങ്ങനെ തെറി വിളിച്ചു..


നീ എരിഞ്ഞു നോക്കെടാ..
കത്തിക്കത്തി കുരലു കരിയുമ്പോ, നിരത്തിലൂടെ വരുന്ന ഇരുപതു കണ്ണുകളിൽ നിന്റെ പന്തം തെളിയുന്നതു കാണാം.
അഹങ്കരിക്കണ്ട.. ഒരുത്തൻ കുളിക്കുമ്പോളതു കെട്ടു പോകും.
ഒരുത്തന്റെ പന്തം പുകഞ്ഞു തീരും..
മറ്റൊരുത്തൻ അതു മദ്യശാലയിൽ സ്വയമുരുകി കൊളുത്തി വയ്ക്കും.
അങ്ങിനെയങ്ങിനെ, പത്തൊമ്പതാമത്തെ പട്ടിയും കെട്ടു വീഴും.

ഒരു മസ്കുക്കണ്ണ് മാത്രം ചിലപ്പോ കത്തിക്കൊണ്ടിരിക്കും. മത്തിയുടെ മസ്തകം പൊക്കി നോക്കി കെട്ടവരെ തിരയുന്ന ചന്ത നോട്ടത്തിൽ നിന്നു മാറി നടന്ന് അവനും സ്വയം കൊളുത്തും.

നീ പോക്കാടാ.. നീ കൊളുത്തിക്കൊളുത്തി കാലങ്ങളോളം കത്തും. നിനക്കു മടുക്കുമ്പോ മറ്റൊരു നീ വരും.. അവനും കത്തും. നീയപ്പോ ഞാനാവും.

ഈ മൂന്നാമിടത്തിന്റെ അസ്കിത നിർത്തി വയ്ക്കാൻ ഞാൻ നിന്നോട് പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്.. ഒന്നും രണ്ടുമിടങ്ങളുള്ള ചിലയിടങ്ങളിലാണ് മൂന്നും നാലുമിടങ്ങൾ പാത്തിരിക്കുന്നത്..

ഒന്നുമില്ലാത്തിടത്ത് ഞാൻ ഉഭയ ജീവിയല്ല.. വെറും ഒരഭയജീവി മാത്രമാണ്. നിന്റെ പിസ്ക് കേറാത്ത ഒരു സ്റ്റേഷനിൽ നിന്ന് ഇറങ്ങാത്ത ഒരവസാനത്തിനിടക്കുള്ള ഒരു ക്രോസിങ്ങ് സ്റ്റേഷനാണ്. അവിടെ എനിക്കോ നിനക്കോ കട്ടൻ ചായ തിളക്കില്ല.

പിസ്കോണിയ മസ്കു. ഉലക്കേട മൂട്.. മസ്ക് മത്തങ്ങക്കപ്പുറം നിനക്കും എനിക്കുമൊരു പ്ലിസ്കുമില്ല.. നിന്റെ വിവരക്കേടിന്റെ പുസ്തകം ഞാൻ കത്തിക്കും. ഞാനും കൂടെ കത്തും എന്നിട്ട് ഞാനും നീയാവും.

നിന്റെ ഇല്ലാത്ത സ്റ്റേഷനിലെ നാശം പിടിച്ചൊരീച്ച.. എന്റെ കട്ടൻ ചായ കെട്ടു!

No comments: