Saturday, March 18, 2017


ചിത്തിര കുസുമന്റെ എഫ് ബി പോസ്റ്റിൽ ഇട്ട കമന്റ്


ഇരിപ്പു മുറിയിലെയിരുട്ടുമൂലയിൽ, 
പല കാലത്തിലോടുന്ന ഒരു ചിത്രപ്പെട്ടിയിലാവണം 
 ഓർമ്മകളുടെ നിഴലുകൾ ഒട്ടിച്ചു ചേർത്ത 
ഒരു സിനിമയോടുന്നുണ്ട്..ഉച്ചത്തിൽ !
ചെവി കേൾക്കാനിത്തിരിയൊച്ച കുറയ്ക്കാൻ കാറുന്നു 
നോവിൽ പുതഞ്ഞ് പോയ 
ഒരമ്മൂമ്മക്കോലം.

Monday, February 27, 2017

ചിമ്പു മാഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടത് :

"തെറ്റിപ്പോവുന്ന വാക്കുകൾ മാത്രം
തിന്നു ശീലിച്ച ശരികൾ !"

സമിത സുജയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടത് :


"പാട്ട് കേട്ട് കരയാനറിയാത്തവരോട് നിങ്ങൾ പൊറുക്കുക !
കാരണം..
ഉപ്പുരസമുള്ള മധുരം അവർ രുചിക്കുന്നില്ല..

നെഞ്ച് പൊട്ടുന്നൊരുന്മാദം അവരറിയുന്നില്ല..
ഉടലിലുമുയിരിലും പിടഞ്ഞു പടരുന്ന,
അലിവിന്റെ പൂക്കാലം അവർക്ക് കാണാനാവുന്നില്ല..
അവർ ഉണ്മ നിറഞ്ഞ് പൊട്ടിത്തെറിക്കുന്നില്ല.
പാവങ്ങൾ !!!"

Sunday, January 1, 2012

വലിയ കണ്ണുകൾ

ജംഷീദ് ഏറമംഗലത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഒരു ബൈനോക്കുലർ കാഴ്ച ആ കാഴ്ച കണ്ട കണ്ണിനൊരു സല്യൂട്ട് !


അനിവാര്യമായ അസഹ്യതയുടെ,
വിരലു നീട്ടി ഒരു കണ്ണ് തുറന്നു.
അണഞ്ഞും മിന്നിയും,
അതീതവെണ്മയിൽ,
അതിന്റെ കാഴ്ചകൾ വഴികൾ വരഞ്ഞു.
വലിയ നാട്യത്തിൻ വലുതൊരു നിഴലിൽ,
ചെറിയ ജീവിതം ചെറുതല്ലാതെ..
നടിച്ചില്ലെങ്കിലും,
മികച്ച വേഷത്തിൻ -
വിശുദ്ധ നിശ്വാസ പുരസ്കൃത പുണ്യം.!

പറഞ്ഞൊടുങ്ങും മുൻപ് പറഞ്ഞു തീർക്കട്ടെ..

അതിനും മുന്നത്തെ ശരിയിൽ നിന്നും,
ഇതിനു ശേഷത്തെ ശരിയിലേക്ക്,
പാത്രമൊഴിയാതെ പാത്രമറിയാതെ,
നടന്നൊടുങ്ങും മുന്നേ വളച്ചും തെറ്റിച്ചും,
പകർത്തി വയ്ക്കുന്നു
വലിയ കണ്ണുകൾ.

പിസ്ക്..

ഹരിശങ്കർ കർത്താ ബൂലോക കവിത വാർഷിക പതിപ്പിൽ പിസ്കോണിയ മസ്കു ഒഴിച്ചു വച്ചു. ഞാനത് കുടിച്ചു തീർത്തിട്ട് സ്നേഹം മൂത്ത് ഇങ്ങനെ തെറി വിളിച്ചു..


നീ എരിഞ്ഞു നോക്കെടാ..
കത്തിക്കത്തി കുരലു കരിയുമ്പോ, നിരത്തിലൂടെ വരുന്ന ഇരുപതു കണ്ണുകളിൽ നിന്റെ പന്തം തെളിയുന്നതു കാണാം.
അഹങ്കരിക്കണ്ട.. ഒരുത്തൻ കുളിക്കുമ്പോളതു കെട്ടു പോകും.
ഒരുത്തന്റെ പന്തം പുകഞ്ഞു തീരും..
മറ്റൊരുത്തൻ അതു മദ്യശാലയിൽ സ്വയമുരുകി കൊളുത്തി വയ്ക്കും.
അങ്ങിനെയങ്ങിനെ, പത്തൊമ്പതാമത്തെ പട്ടിയും കെട്ടു വീഴും.

ഒരു മസ്കുക്കണ്ണ് മാത്രം ചിലപ്പോ കത്തിക്കൊണ്ടിരിക്കും. മത്തിയുടെ മസ്തകം പൊക്കി നോക്കി കെട്ടവരെ തിരയുന്ന ചന്ത നോട്ടത്തിൽ നിന്നു മാറി നടന്ന് അവനും സ്വയം കൊളുത്തും.

നീ പോക്കാടാ.. നീ കൊളുത്തിക്കൊളുത്തി കാലങ്ങളോളം കത്തും. നിനക്കു മടുക്കുമ്പോ മറ്റൊരു നീ വരും.. അവനും കത്തും. നീയപ്പോ ഞാനാവും.

ഈ മൂന്നാമിടത്തിന്റെ അസ്കിത നിർത്തി വയ്ക്കാൻ ഞാൻ നിന്നോട് പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്.. ഒന്നും രണ്ടുമിടങ്ങളുള്ള ചിലയിടങ്ങളിലാണ് മൂന്നും നാലുമിടങ്ങൾ പാത്തിരിക്കുന്നത്..

ഒന്നുമില്ലാത്തിടത്ത് ഞാൻ ഉഭയ ജീവിയല്ല.. വെറും ഒരഭയജീവി മാത്രമാണ്. നിന്റെ പിസ്ക് കേറാത്ത ഒരു സ്റ്റേഷനിൽ നിന്ന് ഇറങ്ങാത്ത ഒരവസാനത്തിനിടക്കുള്ള ഒരു ക്രോസിങ്ങ് സ്റ്റേഷനാണ്. അവിടെ എനിക്കോ നിനക്കോ കട്ടൻ ചായ തിളക്കില്ല.

പിസ്കോണിയ മസ്കു. ഉലക്കേട മൂട്.. മസ്ക് മത്തങ്ങക്കപ്പുറം നിനക്കും എനിക്കുമൊരു പ്ലിസ്കുമില്ല.. നിന്റെ വിവരക്കേടിന്റെ പുസ്തകം ഞാൻ കത്തിക്കും. ഞാനും കൂടെ കത്തും എന്നിട്ട് ഞാനും നീയാവും.

നിന്റെ ഇല്ലാത്ത സ്റ്റേഷനിലെ നാശം പിടിച്ചൊരീച്ച.. എന്റെ കട്ടൻ ചായ കെട്ടു!

Wednesday, November 30, 2011

വിഷ്ണു മാഷിന്റെ ചിരിച്ചതുപ്പ് തുടരുന്നു..


ചിരി വെളിച്ചം പോലെയുമാണ്
കുറേ പൂക്കള്‍ ഉറക്കമുണര്‍ന്ന് മൂരി നിവര്‍ക്കും.
കിണറിനെ പോലെ
ആഴത്തിനുള്ളില്‍ ഒരായുസ്സിന്റെ ദാഹം കാട്ടിത്തരും.
മച്ചിനെ പോലെ
മൊട്ടത്തലകള്‍ക്കു മുകളില്‍ വെയിലിലകള്‍ വീഴാതെ വിടര്‍ന്നു നില്‍ക്കും
ഉടുപ്പിനെ പോലെ
ഉടലില്‍ പതിഞ്ഞ് ഉയിരിന്റെ പങ്കു ചോദിക്കും
കണ്ണാടിയെപ്പോലെ
ഇടം വലം തിരിച്ചെന്നെത്തന്നെ കാട്ടിത്തരും
വഴിയെപ്പോലെ
വ്യാമോഹങ്ങളുടെ ചെറുതും വലുതുമായ കാലൊച്ചകള്‍ നിറയ്ക്കും

പിന്നെ..

ചിരിയെപ്പോലെ.. ഒറ്റക്കൊളുത്തില്‍ തുറക്കാവുന്ന നൂറ്റൊന്നു കോട്ടവാതില്‍ പോലെ.

നിയമപ്രകാരമുള്ള ഡിസ്ക്ലൈമര്‍ : ചിരിയുണ്ട്.. സൂക്ഷിക്കുക

മിണ്ടാണ്ടിരിക്കുമ്പോള്‍..എങ്ങനെ ഇല്ലാണ്ടാവുന്നു?

അനിയൻസിന്റെ നിശബ്ദതയുടെ മൂന്നു കവിതകൾ ക്ക്


മിണ്ടാണ്ടിരിക്കുമ്പോള്‍..എങ്ങനെ ഇല്ലാണ്ടാവുന്നു?

വല്ലാണ്ടിരിക്കുന്ന കല്ലു പോലെ,
ചൊല്ലൊട്ടുമില്ലാതെ, ചൂടും തണുപ്പുമേറ്റി,
മണ്ണില്‍ പുതഞ്ഞ മുരടന്‍ മുനയെത്തന്നെ മുഖമാക്കി,
മുഖമൊഴിച്ചെല്ലാം മഴയത്തും വഴിയത്തും മെഴുകി
ആരുമറിയാതെ വളരുന്നൊരു പ്രാണിപ്പുര..
വാക്കായില്ലെങ്കിലും തോറ്റു പോകാത്തൊരലര്‍ച്ച..
അതൊരു വളര്‍ച്ചയുടെ മുരള്‍ച്ചയല്ലേ..?

അല്ലാ.. മിണ്ടുമ്പോഴും ഞാന്‍ കല്ലല്ലേ..!